എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Tuesday, January 20, 2009

ഒബാമയില്‍ നിന്ന് ഇന്ത്യ പഠിക്കേണ്ടത്

അങ്ങിനെ ആ നിമിഷം കടന്ന് പോയിരിക്കുന്നു.

“അതു കൊണ്ട് എന്നെ സഹായിക്കൂ ദൈവമേ” എന്ന് പറഞ്ഞ് കൊണ്ട്; അമേരിക്കയുടെ, ലോകത്തിന്റെ തന്നെ, ചരിത്രത്തില്‍ സ്ഥാനം പിടിച്ച് അമേരിക്കയുടെ 44ആം പ്രസിഡന്റായി ബറാക്ക് ഹുസൈന്‍ ഒബാമ (ജൂനിയര്‍) സത്യ പ്രതിജ്ഞ ചെയ്തു.

തുടര്‍ന്ന് തന്റെ സ്ഥിരം ശൈലിയില്‍ ‍അദ്ദേഹം നടത്തിയ പ്രസംഗം ചരിത്രത്തില്‍ സ്ഥാനം പിടിച്ച് വാങ്ങി (യു ട്യൂബ്). പതിവിന് വിപരീതമായി അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ തങ്ങളാണ് ലോക പോലീസെന്ന് ലോകത്തെ ഓര്‍മ്മപ്പെടുത്തുന്ന തരത്തിലെ ഒരു അമേരിക്കന്‍ പ്രസിഡന്റില്‍ നിന്ന് പ്രതീക്ഷിക്കുന്ന സ്ഥിരം വാക്കുകള്‍ മുഴച്ച് നിന്നിരുന്നു.

“രാജ്യത്തിന് നല്‍കിയ സേവനത്തിനും, ഭരണ കൈമാറ്റം സുഖകരമാക്കിയതിനും” ബുഷിന് നന്ദി പറഞ്ഞ് തുടങ്ങിയ പ്രസംഗം പിന്നീട് ഇന്നത്തെ അമേരിക്കയുടെ ദയനീയ അവസ്ഥയിലേയ്ക്ക് വിരല്‍ ചൂണ്ടി. “ചിലരുടെ ആര്‍ത്തിയും, ഉത്തരവാദിത്തമില്ലായ്മയുമാണ്” ഇതിന് കാരണം എന്ന് അദ്ദേഹം ആരോപിച്ചു. അമേരിക്ക ഇന്ന് എല്ലാ മേഖലയിലും തകര്‍ന്നിരിക്കുന്നു എന്നത് ഗൌരവത്തോടെ കാണേണ്ടിയിരിക്കുന്നു. ഇതില്‍ നിന്ന് കരകയറാന്‍ ഒരുമിച്ച് പ്രയത്നിക്കേണ്ടിയിരിക്കുന്നു. പാലിക്കുവാന്‍ കഴിയാത്ത വാഗ്ദാനങ്ങളായിരുന്നു മുന്‍പ് അമേരിക്കക്കാര്‍ കേട്ടിരുന്നത്. വിശ്വാസത്തേക്കാളേറേ പ്രതീക്ഷകളാണ് വേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. എല്ലാവരും ഒരു പോലെയാണെന്നും, ഒരു പോലെ സ്വതന്ത്രരാണെന്നും ഓര്‍മ്മപ്പെടുത്തി.

മഹത്വം ഒരു വരദാനമല്ലെന്നും അത് പ്രയത്നത്തിലൂടെ നേടിയെടൂക്കേണ്ടതാണെന്നും. കഴിഞ്ഞ് പോയതെല്ലാം മറന്ന് ശക്തവും, വിട്ടുവീഴ്ചയില്ലാത്തതുമായ തീരുമാനങ്ങളോടെ ഇന്നു മുതല്‍ പ്രയത്നിച്ച് അമേരിക്കയെ പുനര്‍ജീവിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

സൂര്യനില്‍ നിന്നും, കാറ്റില്‍ നിന്നും, മണ്ണില്‍ നിന്നും ഊര്‍ജ്ജം എടുത്ത് കാറുകളും ഫാക്ടറികളും ഓടിക്കണമെന്നും, സ്കൂള്‍-കോളേജ്-യൂണിവേഴ്സിറ്റി പഠനങ്ങള്‍ പുതിയ കാലഘട്ടത്തിനനുസരിച്ച് പുതുക്കേണ്ടിയിരിക്കുന്നു എന്നും. ചെലവഴിക്കുന്ന ഓരോ പണത്തിന്റെയും കണക്കുകള്‍ സുതാര്യമായിരിക്കണമെന്നും. ഇനി മുതല്‍ എല്ലാത്തിലും ഒരു “മേല്‍ നോട്ടം” ആവശ്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. “ഇവിടെ നിന്നും ഒരിക്കല്‍ കൂടി നമുക്ക് ജീവിച്ചു തുടങ്ങാം”.

ലോകം മാറിയിരിക്കുന്നു അതനുസരിച്ച് അമേരിക്കയും മാറണം. അമേരിക്കന്‍ ജനത പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടിയിരിക്കുന്നു. ലോകത്തിലെ ശക്തമായ രാഷ്ട്രമായി തുടരണമെന്നും, ലോക സമാധാനത്തെ കെടുത്തുന്ന ശക്തികള്‍ ഒന്ന് മനസ്സിലാക്കുക ഞങ്ങള്‍ നിങ്ങളെ നശിപ്പിച്ചിരിക്കുമെന്ന താക്കീതും അമേരിക്കയുടെ ലോക പോലീസിന്റെ സ്വരത്തെ ഓര്‍മ്മപ്പെടുത്തുന്നു.

“ക്രിസ്ത്യന്‍, മുസ്ലിം, ജൂതര്‍, ഹിന്ദുക്കള്‍, അവിശ്വാസികള്‍ എല്ലാവരും ചേര്‍ന്നതാണ് അമേരിക്ക”. ഈ വാക്കുകള്‍ അമേരിക്കന്‍ ജനതയുടെ കാഴ്ചപ്പാടുകളുടെ മാറ്റത്തിന്റെ മാറ്റൊലിയാണ് എന്ന് കരുതേണ്ടിയിരിക്കുന്നു.

“ഈ തണുപ്പില്‍ നിന്ന് കൊണ്ട് പണ്ട് അമേരിക്കയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി തങ്ങളുടെ ചോര മഞ്ഞില്‍ കുതിര്‍ത്തിയ പൂര്‍വികരെ ഓര്‍മ്മിക്കുക”. ആ സ്വാതന്ത്ര്യമെന്ന നിധി; പ്രതിസന്ധി ഘട്ടത്തിലും‍; അകലെയുള്ള ഉദയത്തെ ലക്ഷ്യം വെച്ച് തളരാതെ, പിന്മാറാതെ; ഭാവി തലമുറയുടെ കൈകളില്‍ എത്തിച്ചു എന്ന് നമ്മുടെ കുട്ടികളുടെ കുട്ടികള്‍ നമ്മളെ കുറിച്ച് പറയുവാന്‍ കഴിയണം എന്ന് ഒബാമ പറയുമ്പോള്‍ പഴയതിനെ ഓര്‍മ്മിപ്പിച്ച് വരാനിരിക്കുന്ന ഉത്തരവാദിത്വത്തെ അമേരിക്കന്‍ ജനതയുടെ മുന്നില്‍ തുറന്ന് കാട്ടുന്നു.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, ദൈവം യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് അമേരിക്കയെ അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞ് നിറുത്തുമ്പോള്‍ അവിടെ കൂടിയ 2 മില്ല്യണ്‍ പോരുന്ന ജനങ്ങള്‍ കൈയ്യടിയും ആര്‍പ്പു വിളിയുമായി ഒബാമയുടെ പ്രസംഗത്തെ നെഞ്ചിലേറ്റിയത് കാണുമ്പോള്‍ ഒരു ഇന്ത്യക്കാരനായ എനിക്ക് നെടുവീര്‍പ്പിടാനേ കഴിയുന്നുള്ളൂ.

ഇന്ത്യയില്‍ എന്ന് ഇതുപോലെ പ്രതിസന്ധിഘട്ടത്തിലും സാധാരണക്കാരന്റെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനൊപ്പം രാജ്യത്തിന്റെ സമസ്ത മേഖലയിലുള്ള വളര്‍ച്ചയ്ക്കും പ്രാധാന്യം കൊടുക്കുവാന്‍ കഴിയുന്ന ഒരു നട്ടെല്ലുള്ള, ദീര്‍ഘദൃഷ്ടിയുള്ള നേതാവിനെ കാണുവാന്‍ കഴിയുക?

3 comments:

Manoj മനോജ് said...

ഉണ്ടാകുമായിരുന്നു... സ്വതന്ത്ര്യയാക്കപ്പെടുന്ന ഇന്ത്യ എങ്ങിനെ ഭരിക്കണമെന്ന്, ഇന്ത്യ എങ്ങിനെയായി തീരണമെന്ന് വ്യക്തമായ അജഡയോടെ നീങ്ങിയ ഒരു മഹാന്‍ജ... ജനുവരി 23, 1897ല്‍ ജനിച്ച് 1945ല്‍ കാണാതാക്കിയ ആ മഹാന്‍, സുബാഷ് ചന്ദ്ര ബോസ്.

Manoj മനോജ് said...

ഇപ്പോള്‍ ബാളുകളില്‍ ഒബാമ പങ്കെടുത്തു. പറഞ്ഞ പ്രസംഗത്തിലും അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധിയും, വേള്‍ഡ് പൊളിറ്റിക്സും, ഇന്ന് മുതല്‍ ഒബാമ അഡ്മിനിസ്ട്രേഷന്‍ തുടങ്ങി വെയ്ക്കുന്ന സാമ്പത്തിക ഉത്തേജന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഇതു വരെ സാധിക്കുവാന്‍ പറ്റാത്തത് സാധിപ്പിച്ച നിങ്ങള്‍ക്ക് പഴയ പ്രതാപത്തിലേയ്ക്ക് അമേരിക്കയെ കൊണ്ട് വരുവാന്‍ കഴിയും.

Hari said...

മനോജ്
താഴേക്കിടയിലുള്ള എ എ എസ്സ് കാര്‍ എഴുതി, പലര്‍ തിരുത്തി സെക്രട്ടറി അവസാനം പ്രിന്റ് ചെയ്ത് കൊടുക്കുന്ന പ്രസംഗം തത്തമ്മേ പൂച്ച പൂച്ച വായിക്കുന്ന ഇന്ത്യന്‍ നേതാക്കളെവിടെ സ്വന്തം ജനതയോട് ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിക്കുന്ന ഒബാമയെവിടെ. നമുക്ക് വീണ്ടും മാക്ബത്ത് പൊടിതട്ടിയെടുത്ത് പലവട്ടം വായിക്കാം. എന്നിട്ട് ഒബാമയെ നോക്കി വെറുതേയിരിക്കാം, ബ്‌ളൊഗുമെഴുതാം